മജീദിയാ വേജ് ബോര്‍ഡ് നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി


ന്യൂദല്‍ഹി: പത്രപ്രവര്‍ത്തകരുടെ ശമ്പള വര്‍ധനവിനുള്ള മജീദിയാ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേരള പത്രപ്രവര്‍ത്തക യൂനിയനെ കേസില്‍ കക്ഷി ചേരാന്‍ അനുവദിച്ച കോടതി വിശദമായ വാദം കേള്‍ക്കലിന് കേസ് ബുധനാഴ്ചത്തേക്ക് മാറ്റി.
കേസ് പരിഗണിച്ചപ്പോള്‍ തന്നെ മുതിര്‍ന്ന പത്രമാനേജ്മെന്റുകളുടെ അഭിഭാഷകരായ ഹരീഷ് സാല്‍വെ, കെ.കെ. വേണുഗോപാല്‍ തുടങ്ങിയവര്‍ നടപടി സ്റ്റേ ചെയ്യണമെന്ന വാദമുന്നയിച്ചു. ഈ സമയം കെ.യു.ഡബ്ല്യു. ജെക്ക് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ തമ്പാന്‍ തോമസ് ക്ലാസ് നാല് ജീവനക്കാരുടെ വേതനം മാത്രം നല്‍കി പത്രപ്രവര്‍ത്തകരെ ചുഷണം ചെയ്യുന്നത് തുടരാനും അവരുടെ ശമ്പളവര്‍ധനവ് തടയാനുമാണ് മാനേജ്മെന്റുകളുടെ ശ്രമമെന്ന് വ്യക്തമാക്കി വാദത്തിലിടപെട്ടു. അന്തര്‍ദേശീയ വേദികളിലെയും സമ്മേളനങ്ങളിലെയും മാര്‍ഗനിര്‍ദേശം പിന്തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്ത് തുടങ്ങിയ വേജ്ബോര്‍ഡിന്റെ നിയമസാധുത ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആറ് ഹൈക്കോടതി ജസ്റ്റിസുമാരാണ് വേജ് ബോര്‍ഡ് റിപ്പോര്‍ട്ടുകള്‍ ഇതുവരെ സമര്‍പ്പിച്ചിട്ടുള്ളത്. പാര്‍ലമെന്റില്‍ പ്രത്യേക നിയമ നിര്‍മാണം നടത്തി നിയമപ്രാബല്യം നല്‍കിയ സംവിധാണനമാണിത്. അതുകൊണ്ടാണ് കേരളത്തിലെ പല മാനേജ്മെന്റുകളും നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ നടപ്പാക്കി തുടങ്ങിയതെന്നും അദ്ദേഹം ബോധിപ്പിച്ചു. പാതിവഴിയില്‍ വെച്ച് ശിപാര്‍ശകള്‍ നടപ്പാക്കുന്നത് തടയുന്നത് അപക്വമായ ആവശ്യമാണെന്നും ദല്‍ഹി ഹൈകോടതി നേരത്തെ ഈയാവശ്യം നിരാകരിച്ചതാണെന്നും അദ്ദേഹം ബോധിപ്പിച്ചു. ഇതേ തുടര്‍ന്ന് സ്റ്റേ അനുവദിക്കാന്‍ തയാറാകാതിരുന്ന സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കാന്‍ കേസ് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
തമ്പാന്‍ തോമസിന് പുറമെ അഭിഭാഷകരായ ടെസി വര്‍ഗീസ്, കെ.വി മോഹന്‍ എന്നിവരും കെ.യു.ഡബ്ല്യു.ജെക്ക് വേണ്ടി ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *