മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കണം: കെഎൻഇഎഫ്


മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെഎൻഇഎഫ്) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കള്ളക്കേസുകൾ ചുമത്തി അറസ്‌റ്റുചെയ്ത‌ മാധ്യമപ്രവർത്തകരെ വിട്ടയയ്‌ക്കുക, കേസുകൾ പിൻവലിക്കുക, മാധ്യമ പ്രവർത്തക വേജ് ബോർഡ് രൂപീകരിക്കുക, പെൻഷൻ പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, മുഴുവൻ ശമ്പളത്തിനും പിഎഫ് പെൻഷൻ അനുവദിക്കുക, തൊഴിൽ,- കാർഷിക നിയമഭേദഗതികൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

എറണാകുളം അധ്യാപകഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കൊച്ചി മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള മുഖ്യപ്രഭാഷണം നടത്തി.

കെഎൻഇഎഫ് സംസ്ഥാന പ്രസിഡന്റ്‌ എം സി ശിവകുമാർ അധ്യക്ഷനായി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ കെ കെ ഇബ്രാഹിംകുട്ടി, എഐടിയുസി ജില്ലാ സെക്രട്ടറി  കെ എൻ ഗോപി, ബിജെപി മധ്യമേഖലാ സെക്രട്ടറി സി ജി രാജഗോപാൽ, എഐഎൻഇഎഫ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി ബാലഗോപാൽ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ എസ് സുഭാഷ്, എൻജെപിയു സംസ്ഥാന പ്രസിഡന്റ്‌ പി ദിനകരൻ, മേഖലാ പ്രസിഡന്റ്‌ കെ എൻ ലതാനാഥൻ, എഐഎൻഇഎഫ് ഓർഗനൈസിങ് സെക്രട്ടറി ഗോപൻ നമ്പാട്ട്,  കെഎൻഇഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി മോഹനൻ, എ അജിത്‌കുമാർ, എം ടി വിനോദ് കുമാർ എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു.