NEW WAGE CODE

#നിങ്ങൾ_അറിഞ്ഞുവോ??
കാർഷിക ബിൽ  എത്രമേൽ കർഷക വിരുദ്ധമാണെന്നത് പോലെ തൊഴിലാളികളെ അടിമകളാക്കുന്ന മൂന്ന് #തൊഴിൽ_ബില്ലുകൾ ഇന്നലെ കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കി…
300 തൊഴിലാളികൾ വരെയുളള സഥാപനങ്ങൾക്ക് ജോലിക്കാരെ മുൻകൂർ അനുമതി ഇല്ലാതെ പിരിച്ചു വിടാനോ ആവശ്യമെങ്കിൽ സ്ഥാപനം തന്നെ പൂട്ടാനോ ഉളള ബില്ല് എന്നാണ് മാതൃഭൂമി നാല് വരിയിൽ  ഒതുക്കിയ വാർത്ത… ശരിയാണ് ആ വരികൾ… പക്ഷെ അത്ര ലാഘവത്തോടെ പറഞ്ഞു പോകേണ്ടതല്ലിത്…
ത്യാഗപൂർണമായ പ്രവർത്തനങ്ങളും പ്രക്ഷോഭങ്ങളും കൊണ്ട് ഈ രാജ്യത്തെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളെല്ലാം ഒന്ന് ഒന്നായി
മോദി സർക്കാർ കവർന്നെടുത്തു കൊണ്ടിരിക്കുകയാണ്…
രാജ്യത്തെ തൊഴിൽനിയമങ്ങൾ ഭരണഘടനാപരമായ അവകാശങ്ങളിൽ നിന്ന് കൂടി ഉടലെടുത്തതാണ്… ഭരണഘടനയിലെ അധ്യായം മൂന്നിലെ മൗലികാവകാശങ്ങളാണ് തൊഴിൽനിയമങ്ങളുടെ അടിത്തറയും ചാലക ശക്തിയും… സമത്വത്തിനും (അനുച്ഛേദം 14) സ്വാതന്ത്ര്യത്തിനും (അനുച്ഛേദം 19) ചൂഷണത്തിനും (അനുച്ഛേദം 23, 24) എതിരെയുള്ള അവകാശങ്ങൾ ഇതിൽ മുഖ്യമാണ്…
ഭരണഘടനയിലെ മാർഗനിർദേശകതത്ത്വങ്ങ ളെപ്പറ്റി പ്രതിപാദിക്കുന്ന നാലാം ഭാഗത്തെ അനുച്ഛേദം 36 മുതൽ 56 വരെയുള്ളതിൽ തൊഴിലവകാശങ്ങൾ അടിവരയിട്ട് രേഖപ്പെടു ത്തിയിട്ടുണ്ട്​…
ദേശീയ സ്വാതന്ത്ര്യത്തിനു മുമ്പ് അന്നത്തെ ബ്രിട്ടീഷ്സർക്കാർ ഫാക്ടറി ആക്ട്, ഇൻഡസ്​ട്രിയൽ എംപ്ലോയ്മെൻറ്​ ആക്ട്, വർക്മെൻ കോമ്പൻസേഷൻ ആക്ട് തുടങ്ങിയ നിയമങ്ങൾ പാസാക്കിയിരുന്നു…
സ്വാതന്ത്ര്യാനന്തരം നമ്മുടെ പാർലമെൻറ്​ പാസാക്കിയ തൊഴിൽനിയമങ്ങളാണ് വ്യവസായ തർക്ക നിയമം,
എംപ്ലോയ്മെൻറ്​ സ്​റ്റേറ്റ് ഇൻഷുറൻസ്​ നിയമം,
എംപ്ലോയീസ്​ പ്രൊവിഡൻറ്​ ഫണ്ട് ആക്ട്, മോണിറ്ററി ബെനിഫിറ്റ് ആക്ട്,
പേമെൻറ്​ ഓഫ് ബോണസ്​ ആക്​ട്​,
മിനിമം വേജസ്​ ആക്​ട്​ തുടങ്ങിയവ…
ഇത്തരത്തിൽ നിലവിലുള്ള 44 തൊഴിൽ നിയമങ്ങളിലും തൊഴിലാളിവിരുദ്ധ ഭേദഗതികൾ വരുത്തി നാലു നിയമങ്ങളാക്കി മാറ്റുന്നതിനുള്ള നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
1. വേജ്കോഡ്,
2. കോഡ് ഓഫ് ഇൻഡസ്​ട്രിയൽ റിലേഷൻസ്​ (വ്യവസായ ബന്ധ നിയമം),
3. ഇൻഡസ്​ട്രിയൽ കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി ആൻഡ്​ വെൽ​ഫയർ (സാമൂഹിക സുരക്ഷയും ക്ഷേമവും സംബന്ധിച്ച കോഡ്),
4. കോഡ് ഓൺ ഒക്കുപേഷനൽ സേഫ്റ്റി (തൊഴിൽ സുരക്ഷയും ആരോഗ്യവും തൊഴിൽ സാഹചര്യവും സംബന്ധിച്ച നിയമം) എന്നിവയാണ് ഈ നാലു നിയമങ്ങൾ.
ട്രേഡ് യൂനിയൻ നിയമവും ഇൻഡസ്​ട്രിയൽ എംപ്ലോയ്​മെൻറ്​ നിയമവും വ്യവസായ തർക്ക നിയമവുമടക്കം നാലു നിയമങ്ങൾ വ്യവസായ ബന്ധങ്ങൾ സംബന്ധിച്ചതിലും എംപ്ലോയീസ്​ സ്​റ്റേറ്റ് ഇൻഷുറൻസ്​ ആക്ട്, പ്രൊവിഡൻറ്​ ഫണ്ട് ആക്ട്, എംപ്ലോയീസ്​ കോമ്പൻസേഷൻ ആക്ട് എന്നിവയടക്കം തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷക്കും പ്രാധാന്യം നൽകുന്ന 15 നിയമങ്ങൾ സോഷ്യൽ സെക്യൂരിറ്റി ആൻഡ്​ വെൽ​ഫെയർ എന്നു പേരിട്ടിരിക്കുന്ന നിയമത്തിലും ഉൾപ്പെടും. ഒക്കുപേഷനൽ സേഫ്റ്റി, ഹെൽത്ത് ആൻഡ്​ വർക്കിങ്​​ കണ്ടീഷനിൽ ഫാക്​ടറി ആക്ടും മൈൻ ആക്​ടും അടക്കം 13 നിയമങ്ങളാണ് നാലാമത്തെ കോഡിൽ ലയിപ്പിച്ചിരിക്കുന്നത്…
ഇവയിൽ വേതനവും സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ നേരത്തേ തന്നെ പാർലമെൻറിൽ അവതരിപ്പിച്ച് പാസാക്കിയിരുന്നു. തൊഴിലാളികളുടെ ഒരുദിവസത്തെ ജോലിസമയം എട്ടുമണിക്കൂറായി ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിന് കടകവിരുദ്ധമായാണ് ജോലിക്കിടയിൽ ഇടവേളകൾ നൽകി ജോലിസമയം 12 മണിക്കൂർ വരെയാക്കി ഉയർത്താൻ പാർലമെൻറ്​ പാസാക്കിയ വേജസ്​ കോഡിൽ വ്യവസ്​ഥ ചെയ്തിരിക്കുന്നത്…
മോദി സർക്കാർ ഇന്നലെ പാസാക്കിയ മറ്റു തൊഴിൽകോഡുകളിലും ഇത്തരം തൊഴിലാളിവിരുദ്ധ വ്യവസ്​ഥകളാണുള്ളത്. എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ വിനോദം എന്ന ലോകം അംഗീകരിച്ച തൊഴിലാളികളുടെ അവകാശം രാജ്യത്ത് വെറും പഴങ്കഥയായി മാറുകയാണ്.
തൊഴിലാളികൾക്ക് നിശ്ചിത തൊഴിൽ ദിനങ്ങൾ മാത്രം ശുപാർശ ചെയ്യുന്ന ഈ കോഡ് സ്​ഥിരംജോലി എന്ന സങ്കൽപംതന്നെ ഇല്ലാതാക്കുന്നതാണ്…
തൊഴിലാളിസമരങ്ങളെ കൂട്ട കാഷ്വൽ അവധിയാക്കി മാറ്റുന്നതും കരാർ തൊഴിലുകൾ പ്രോത്സാഹിപ്പിക്കുന്നതും ഉൾപ്പെടെയുളള കടുത്ത തൊഴിലാളി വിരുദ്ധ  വ്യവസ്​ഥകളാണ് വ്യവസായബന്ധ നിയമത്തിലുള്ളത്. തൊഴിലാളികളുടെ സംഘടനസ്വാതന്ത്ര്യവും കൂട്ടായി വിലപേശാനുള്ള അവകാശവും ഇതോടെ ഇല്ലാതാകും… നിയമത്തിലെ പല വകുപ്പുകളും തൊഴിലാളികളുടെ മൗലികാവകാശങ്ങൾ  ലംഘിക്കുന്നതും ഭരണഘടനാവിരുദ്ധവുമാണ്.
തൊഴിലാളികളുടെ കുറഞ്ഞ ദിവസവേതനം 446 രൂപയായി വര്‍ധിപ്പിക്കുമെന്ന് പറഞ്ഞ് വോട്ട് പിടിച്ചു അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ കുറഞ്ഞ വേതനം 178 രൂപയായി നിജപ്പെടുത്തി പുതിയ നിയമം പാസാക്കിയിരിക്കുകയാണ്… ഇതനുസരിച്ച് രാജ്യത്തെ ഒരു തൊഴിലാളിയുടെ കുറഞ്ഞ പ്രതിമാസ വേതനം 4,628 രൂപ മാത്രം…  രണ്ടുവര്‍ഷം മുമ്പ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച കുറഞ്ഞ ദിവസവേതനത്തെ അപേക്ഷിച്ച് വെറും രണ്ട് രൂപയുടെ വര്‍ധനവ്…
എന്നാൽ കഴിഞ്ഞ 2 വര്‍ഷത്തിനിടയില്‍ ഭക്ഷ്യധാന്യങ്ങളുടെ വില 13%, പയര്‍വര്‍ഗ്ഗങ്ങളുടെ വില 19%,
മറ്റ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില ശരാശരി 38% എന്നിങ്ങനെ കുതിച്ചുയർന്ന  കറുത്ത യാഥാർത്ഥ്യം മറുവശത്തുണ്ടെന്നത് അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണ്…
തൊഴില്‍ വിഷയം ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ സംസ്ഥാന സര്‍ക്കാരുകളുമായി  കൂടിയാലോചിച്ച് മാത്രമേ തീരുമാനം എടുക്കാവൂ എന്ന ഫെഡറൽ തത്വങ്ങൾ പോലും കാറ്റിൽ പറത്തി, ഭരണഘടനയെ നോക്കുകുത്തി ആക്കി കഴിഞ്ഞു മോദി സർക്കാർ…
നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ എന്ന പേരില്‍ തൊഴില്‍ നിയമങ്ങളില്‍ സമൂല മാറ്റം വരുത്താന്‍ ഒന്നാം മോദി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ കോര്‍പ്പറേറ്റ് പ്രീണന പരിഷ്‌കാരങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകളും, ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും, ചില ജനാധിപത്യ പാര്‍ട്ടികളും ശക്തമായി രംഗത്തുവന്നതോടെ ഈ നീക്കം മന്ദഗതിയിലായി. വീണ്ടും അധികാരത്തിൽ  എത്തിയതോടെ സര്‍ക്കാര്‍ തിരക്കിട്ട് ഈ നിയമങ്ങള്‍ എല്ലാം പാസാക്കി തങ്ങളുടെ കോർപ്പറേറ്റ് വിധേയത്വം വിളിച്ചു പറഞ്ഞു കഴിഞ്ഞിരിക്കുന്നു…
രാഷ്ട്രീയ വിയോജിപ്പുകൾ മാറ്റി വെച്ചു  യോജിച്ച ചെറുത്തുനില്‍പ്പില്‍ കൂടി മാത്രമേ തൊഴിലാളി വര്‍ഗ്ഗത്തിന് ഇതിനെ നേരിടാന്‍ സാധിക്കുകയുളളൂ… തൊഴിലാളികളോടുള്ള യുദ്ധ പ്രഖ്യാപനമായ കുറഞ്ഞ കൂലി നിശ്ചയിക്കലിനെതിരായി, തൊഴില്‍ നിയമങ്ങളുടെ അന്യായ ഭേദഗതികൾക്ക് എതിരായി വമ്പിച്ച ജനകീയ പ്രക്ഷോഭം  രാജ്യത്ത് ഉയരേണ്ടതുണ്ട്…
സമരം ചെയ്തു നേടിയ നേട്ടങ്ങൾ മാത്രമേയുള്ളൂ തൊഴിലാളികൾക്ക് അന്നും ഇന്നും എന്നത് മറന്നു പോകാതെ സമരം ചെയ്യുക തന്നെയാണ് ഒരേയൊരു പോംവഴി.
.

Leave a Reply

Your email address will not be published. Required fields are marked *